സർക്കാർ വഴി യുഎഇയില്‍ തൊഴില്‍ അവസരം: എസ്എസ്എല്‍സിക്കാർക്കും അപേക്ഷിക്കാം, താമസവും വിസയും ഫ്രീ.
സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡേപെക്കിന് കീഴില്‍ യുഎഇയിലേക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍. ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ, റീച്ച് ട്രക്ക് ഓപ്പറേറ്റർ, ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ എന്നീ ഒഴിവുകളിലേക്കാണ് ദുബായിലെ ജബല്‍ അലിയിലേക്ക് ഒഴിവുകള്‍ വന്നിരിക്കുന്നത്. മതിയായ യോഗ്യതയുള്ളവർക്ക് ജുലൈ 31 വരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ വിഭാഗത്തില്‍ രണ്ട് മുതല്‍ അഞ്ച് വരെ ഒഴിവുകളാണ് നിലവിലുള്ളത്. ഒരു മണിക്കൂർ ഇടവേളയോടെ 11 മണിക്കൂറായിരിക്കും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് മുതല്‍ മൂന്ന് വർഷം വരേയുള്ള ഫ്രീസോണ്‍ വിസയാണ് ലഭിക്കുക. യുഎഇ ലൈസൻസ് നമ്പർ 7 അല്ലെങ്കിൽ 8 അല്ലെങ്കിൽ ഇന്ത്യൻ ലൈസൻസ് ഉള്ളവരായിരിക്കണം അപേക്ഷകർ.
മാസം 2500 മുതല്‍ 3000 വരെ യുഎഇ ദിർഹമായിരിക്കും ശമ്പളം. അതായത് 55,802 മുതല്‍ 66,962 ഇന്ത്യന്‍ രൂപ വരെ. ഇതിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 31-നോ അതിനുമുമ്പോ അയയ്‌ക്കുക.
ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ വിഭാഗത്തില്‍ 10 മുതല്‍ 15 വരെ ഒഴിവുകളുണ്ട്. മാസം 1200 റിയാലാണ് സാലറി ( 26,784 ഇന്ത്യന്‍ രുപ). ഒരു മണിക്കൂർ ഇടവേളയോടെ 11 മണിക്കൂറാണ് ഈ വിഭാഗത്തിലും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധിയും ലഭിക്കും. ഇതോടൊപ്പം തന്നെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്ടുവാണ് യോഗ്യത. ഉദ്യോഗാർത്ഥികള്‍ ആവശ്യമായ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. ഈ ഒഴിവിലേക്ക് നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 31-നോ അതിനുമുമ്പോ അയയ്‌ക്കുക