ബാങ്ക് ഓഫ് ബറോഡയിൽ വിവിധ അവസരങ്ങൾ.
ഒഴിവുകളുടെ ഘടന
കേരളത്തിൽ 111, തമിഴ്നാട്ടിൽ 199, കർണ്ണാടകയിൽ 483 എന്നിങ്ങനെയാണ് അവസരം. സംസ്ഥാനത്ത് ഇടുക്കി ഒഴിച്ച് എല്ലാ ജില്ലകളിലും വിവിധ സ്ഥലങ്ങളിലായി ഒഴിവുകളുണ്ട്. കേരളത്തിന്റെ തൊട്ടടുത്ത ജില്ലകളായ കോയമ്പത്തൂർ, നീലഗിരി, കന്യാകുമാരി, ദക്ഷിണ കന്നട, ഉഡുപ്പി, കുടക് എന്നിവടങ്ങളിലെ വിവിധ സ്ഥലങ്ങളിലും പ്രവർത്തിക്കാം. കേരളത്തിലെ ഒഴിവുകളിൽ ജനറൽ വിഭാഗം 59, ഒബിസി 29, സാമ്പത്തിക പിന്നാക്കം 11, പട്ടിക ജാതി 11, പട്ടിക വർഗ്ഗം1 എന്ന വിധത്തിൽ കാറ്റഗറി തിരിച്ചും ഒഴിവുകളുണ്ട്.
അപേക്ഷ യോഗ്യത
അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇത് 01 -5 -2026 തീയതി കണക്കാക്കി നാലു വർഷത്തിനകം നേടിയ യോഗ്യതയായിരിക്കണം. ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയിൽ അറിവ് വേണം.
പ്രായം
01 - 05 - 2026 തീയതി കണക്കാക്കി 20 നും 28 വയസ്സിനുമിടയിലായിരിക്കണം. പിന്നാക്ക/ പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/ അഞ്ച്/ പത്ത് വയസ്സ് ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിൽ പിന്നക്ക/ പട്ടിക വിഭാഗക്കാർക്ക് യഥാക്രമം നാൽപത്തി ഒന്ന്/ നാൽപത്തി മൂന്ന് വയസ്സ് വരെ അവസരമുണ്ട്.
തിരഞ്ഞെടുപ്പ് രീതി
ഓൺലൈൻ എഴുത്ത് പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, പ്രാദേശിക ഭാഷ പരിജ്ഞാന പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയ്ക്ക് ഒരു മണിക്കൂർ. ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. ജനറൽ/ ഫിനാൻഷ്യൽ അവേർനെസ്സ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിങ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ് എന്നീ നാല് വിഷയങ്ങളിൽ നിന്നും 25 വീതം ചോദ്യങ്ങൾ എന്നതായിരിക്കും ചോദ്യപേപ്പർ ഘടന. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഇല്ല. പരീക്ഷ രീതിയിൽ ബാങ്കിന് ഉചിതമെന്ന് തോന്നുന്ന മാറ്റവും വരുത്താവുന്നതാണ്. പ്രാദേശിക ഭാഷാ ടെസ്റ്റ് അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിലെ പരിചയം മനസ്സിലാക്കുവാനുള്ള ഒരു പരീക്ഷ മാത്രമാണ്. എസ്എസ്എൽസി/ ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ പ്രസ്തുത ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ ആ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. സംസ്ഥാനം തിരിച്ച് സിലക്ഷൻ ലിസ്റ്റ് തയാറാക്കും
മറ്റ് വിവരങ്ങൾ
അപേക്ഷകർ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീം (NATS) അല്ലെങ്കിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രമോഷൻ സ്കീം (NAPS) പ്രകാരം പോർട്ടലുകളിൽ ആദ്യം പേരുകൾ റജിസ്റ്റർ ചെയ്യേണ്ടതാണ്. അപ്രന്റീസ് ആയി നിയമനം ലഭിച്ചാൽ പ്രതിഫലമായി മാസം പ്രതി 15,000 ലഭിക്കും. ഇത് ഒരു വർഷത്തേക്ക് മാത്രമാണ്. അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ നിന്നും വിശദ വിവരങ്ങൾ നൽകിയത് മനസ്സിലാക്കുക. അപേക്ഷ ഫീസ് 800. സ്ത്രീകൾ 600. പട്ടിക/ ഭിന്നശേഷി വിഭാഗം 200 രൂപ. നികുതികൾ പുറമെ. റജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ: https://nats.education.gov.in, apprenticeshipindia.gov.in