സ്റ്റേറ്റ് സിവിൽ സപ്ലൈസ് വകുപ്പിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ‘പ്രൈസ് മോണിറ്ററിംഗ് സെൽ’, ‘സെന്റർ ഫോർ പ്രൈസ് റിസർച്ച്, കേരള’ എന്നീ പദ്ധതികളുടെ ഭാഗമായാണ് നിയമനം. റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
റിസർച്ച് ഓഫീസർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. പ്രതിമാസം 36,000 ആണ് ശമ്പളം. തിരുവനന്തപുരം ആസ്ഥാന ഓഫീസിലായിരിക്കും ജോലി. ആവശ്യാനുസരണം മറ്റ് ഓഫീസുകളിലും ജോലി ചെയ്യേണ്ടി വരാം. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം. സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം, ഗവേഷണം, വില ശേഖരണം തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. പ്രതിമാസം 30,000 ആണ് ശമ്പളം. തിരുവനന്തപുരം ആസ്ഥാന ഓഫീസിലായിരിക്കും ജോലി. ആവശ്യാനുസരണം മറ്റ് ഓഫീസുകളിലും ജോലി ചെയ്യേണ്ടി വരാം. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയമായി പഠിച്ചിരിക്കണം.
റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് 2026 ജൂലൈ 1ന് 40 വയസ്സിൽ കൂടാത്തവർക്ക് അപേക്ഷിക്കാം. കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്നുള്ള യോഗ്യതയാണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ഇക്വിവലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള DCA അല്ലെങ്കിൽ PGDCA യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാനും എഴുതാനും കഴിവുണ്ടായിരിക്കണം. വേഡ് പ്രോസസിംഗിലും എക്സൽ ഉപയോഗിക്കുന്നതിലും പ്രാവീണ്യം അഭികാമ്യമാണ്.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 14 ഒഴിവുകളാണുള്ളത്. ഓരോ ജില്ലയിലും ഓരോ ഒഴിവ് വീതമാണ്. പ്രതിമാസം 24,000 ആണ് ശമ്പളം. തിരഞ്ഞെടുക്കുന്ന ജില്ലയിൽ ആയിരിക്കും പ്രധാനമായും ജോലി ചെയ്യേണ്ടത്. ആവശ്യാനുസരണം മറ്റ് ഓഫീസുകളിലും ചെയ്യേണ്ടി വരാം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയും ആവശ്യമാണ്. 2026 ജൂലൈ 1ന് 40 വയസ്സിൽ കൂടാത്തവർക്ക് അപേക്ഷിക്കാം. ടു വീലർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന ലഭിക്കും.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കും. അഭിമുഖ തീയതി സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഉദ്യോഗാർഥികളുടെ ഇമെയിൽ വിലാസത്തിലും അറിയിക്കും. അഭിമുഖത്തിന് ടി.എ./ഡി.എ. അനുവദിക്കില്ല.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇഷ്ടമുള്ള ജില്ല തിരഞ്ഞെടുക്കാം. അതത് ജില്ലയിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്റ്റർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമാണ് അയയ്ക്കേണ്ടത്. ഓൺലൈനായി അപേക്ഷ സ്വീകരിക്കില്ല. അപേക്ഷകൾ “The Commissioner, Commissionerate of Civil Supplies and Consumer Affairs, Public Office Complex, Trivandrum - 695033, Kerala” എന്ന വിലാസത്തിൽ അയയ്ക്കണം.
ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകൾ വ്യത്യസ്ത കവറുകളിൽ അയയ്ക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയ്ക്കൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അയയ്ക്കേണ്ടതില്ല. എന്നാൽ അഭിമുഖ സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി ഹാജരാക്കണം. അപൂർണ്ണമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഭാവിയിലെ അറിയിപ്പുകൾ ഇമെയിൽ വഴിയായിരിക്കും നൽകുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 22 ആണ്. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനത്തിനുമായി സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.