പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ആശുപത്രിയിലും മറ്റ് വിവിധ മേഖലകളിലും അവസരങ്ങൾ. ഒഴിവുകൾ, യോഗ്യത, അഭിമുഖ തീയതി തുടങ്ങിയ വിവരങ്ങൾ അറിയാം.
വർക്കല ഗവ. യോഗ പ്രകൃതിചികിത്സാ ആശുപത്രിയിൽ വിവിധ ഒഴിവുകൾ.
തിരുവനന്തപുരം വർക്കല ഗവ. യോഗ പ്രകൃതിചികിത്സാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മസ്സാജ് തെറാപ്പിസ്റ്റ്, സാനിറ്റേഷൻ വർക്കർ, കുക്ക് അസിസ്റ്റന്റ്, സെക്യൂരിറ്റി, മൾട്ടിപർപ്പസ് വർക്കർ, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ഓഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് മസ്സാജ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 മണിക്ക് സാനിറ്റേഷൻ വർക്കർ തസ്തികയിലേക്കും ഉച്ചയ്ക്ക് 2 മണിക്ക് കുക്ക് അസിസ്റ്റന്റ് തസ്തികയിലേക്കും അഭിമുഖം നടക്കും. മസ്സാജ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവർക്ക് മുൻഗണന ലഭിക്കും. സാനിറ്റേഷൻ വർക്കർ, കുക്ക് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അതത് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണനയുണ്ട്.
ഓഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് സെക്യൂരിറ്റി തസ്തികയിലേക്കും ഉച്ചയ്ക്ക് 12 മണിക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്കും ഉച്ചയ്ക്ക് 2 മണിക്ക് റിസപ്ഷനിസ്റ്റ് തസ്തികയിലേക്കും അഭിമുഖം നടക്കും. സെക്യൂരിറ്റി, മൾട്ടിപർപ്പസ് വർക്കർ തസ്തികകൾക്ക് എസ്.എസ്.എൽ.സി.യാണ് യോഗ്യത. റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനത്തോടെയുള്ള ബിരുദമാണ് യോഗ്യത.
ജനറൽ വിഭാഗത്തിന് 40 വയസ്സും ഒ.ബി.സി. വിഭാഗത്തിന് 43 വയസ്സും എസ്.സി./എസ്.ടി. വിഭാഗത്തിന് 45 വയസ്സുമാണ് ഉയർന്ന പ്രായപരിധി. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ആശുപത്രിയിൽ നേരിട്ട് ഹാജരാകണം.
2) എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ടെക് മഹീന്ദ്ര പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വർക്ക് ഫ്രം ഹോം സൗകര്യത്തോടെയുള്ള ജോലികളിലേക്കാണ് നിയമനം.
പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ., ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഓഗസ്റ്റ് 13ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം. കാക്കനാട് സിവിൽ സ്റ്റേഷനിലെ പഴയ ബ്ലോക്കിന്റെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം നടക്കുന്നത്.
ഉദ്യോഗാർഥികൾ ബയോഡാറ്റ, പാൻ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ്, ബി.പി.ഒ. മേഖലയിൽ പ്രവൃത്തിപരിചയമുണ്ടെങ്കിൽ അതിന്റെ രേഖ എന്നിവ സഹിതം എത്തണം. ലാപ്ടോപ്പ് കൈയിൽ കരുതുന്നത് അഭികാമ്യമാണ്.
അഭിമുഖത്തിൽ പങ്കെടുക്കുന്നവർ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് 300 അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം.
3) പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്.
തിരുവനന്തപുരം പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി. മുഖേന ഒരു ലാബ് ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്ലസ് ടുവിനൊപ്പം സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ ബി.എസ്.സി. എം.എൽ.ടി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 18 മുതൽ 40 വയസ്സുവരെയാണ് പ്രായപരിധി.
താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും അസലും പകർപ്പുകളും സഹിതം ഓഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.